ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 50,000 രൂപ ഇനാം പ്രഖ്യാപിച്ച ഗുണ്ടയെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ വാദത്തിന്റെ ഭാഗമായി എത്തിച്ച ഗുണ്ടാ നേതാവായ ഗോഗി എന്ന ജിതേന്ദര്‍ മന്നിനെ കൊലപ്പെടുത്താന്‍ എത്തിയതായിരുന്നു സംഘമെന്ന് രാകേഷ് അസ്താന വ്യക്തമാക്കി. പൊലീസ് തിരിച്ചു നടത്തിയ വെടിവെയ്പില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.
തില്ലു ഗ്യാംങ് എന്നറിയപ്പെടുന്ന എതിരാളി ഗുണ്ടാസംഘം അഭിഭാഷക വേഷത്തിലാണ് കോടതിക്കുളളില്‍ കടന്നതെന്ന് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ജിതേന്ദര്‍ മന്നിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ക്കുന്നതിനിടെ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. മൂന്ന് തവണയാണ് ഇവര്‍ ജിതേന്ദര്‍ മന്നിന് നേരെ വെടി ഉതിര്‍ത്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ജിതേന്ദര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തിഹാര്‍ ജയിലിലാണ്. ഏറ്റുമുട്ടിയ സംഘങ്ങള്‍ വര്‍ഷങ്ങളായി കുടിപ്പക വെച്ചുപുലര്‍ത്തുന്നവരാണെന്നും ഇരുസംഘങ്ങളിലുമുളള 25 ഓളം പേര് മരണപ്പെട്ടിട്ടുണ്ടെന്നുമാണ് കണക്ക്.
Post Your Comments