KeralaLatest News

‘വർഗീയ ഭ്രാന്ത് മൂത്ത പി സി ജോര്‍ജ്ജിനെ ചങ്ങലക്കിടണം’: എസ്ഡിപിഐ

സ്വന്തം വീട്ടില്‍ നിന്നുള്ള പിടിവള്ളി പോലും ജോര്‍ജ്ജിന് നഷ്ടപ്പെട്ടെന്ന് വേണം കരുതാന്‍.

ഈരാറ്റുപേട്ട: പാര്‍ട്ടിക്കെതിരായ പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പ്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് സി എച്ച്‌ ഹസീബ്. വര്‍ഗീയ ഭ്രാന്ത് മൂലം ജനം കയ്യൊഴിഞ്ഞ വ്യക്തിയാണദ്ദേഹം. ജോര്‍ജ്ജിന്റെ ഇത്തരം ആരോപണങ്ങള്‍ പൂഞ്ഞാര്‍ ജനത രാത്രികാലങ്ങളിലെ തെരുവുനായ്ക്കളുടെ മോങ്ങലിന് സമാനമായേ കാണുന്നുള്ളൂ.

മുസ്‌ലിം വിരുദ്ധതയില്‍ സംഘപരിവാരത്തെ തോല്‍പിക്കാനാണ് പി സി ജോര്‍ജ്ജിന്റെ ശ്രമം. താലിബാനിസം പോലുള്ള പദപ്രയോഗങ്ങള്‍ ഇതിന്റെ ഭാഗമായി ബോധപൂര്‍വം ഉപയോഗിക്കുന്നതാണ്. ജോര്‍ജിനെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചതായും സി എച്ച്‌ ഹസീബ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയതിന്റെ പിന്നില്‍ എസ്ഡിപിഐ ആണെന്ന് ജോര്‍ജ്ജിന് നന്നായി അറിയാം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിലുളള മാനസിക വിഭ്രാന്തിയില്‍ നിന്നും അദ്ദേഹം മുക്തമായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സകല പാര്‍ട്ടികളും ജോര്‍ജിനെ പടിക്കു പുറത്താക്കിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിപോലും കടലാസില്‍ ഒതുങ്ങിയിരിക്കുന്നു.

സ്വന്തം വീട്ടില്‍ നിന്നുള്ള പിടിവള്ളി പോലും ജോര്‍ജ്ജിന് നഷ്ടപ്പെട്ടെന്ന് വേണം കരുതാന്‍. വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും പറഞ്ഞു ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയെ പി സി ജോര്‍ജിനെപ്പോലുള്ള മുഴുത്ത വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമായിട്ടുണ്ടെന്നും ഹബീബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button