റിയാദ് : 91 ആമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ സൗദി അറേബ്യയുടെ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റോയൽ സൗദി എയർഫോഴ്സിനു കീഴിലുള്ള യുദ്ധവിമാനങ്ങൾ ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.
Read Also : ഈ വർഷം അവസാനത്തോടെ രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഓസ്ട്രേലിയ
സെപ്റ്റംബർ 23, വ്യാഴാഴ്ച്ച റിയാദിൽ അതിവിപുലമായ എയർ ഷോ, സൈനിക പരേഡ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഈ വ്യോമപ്രദർശനത്തിന്റെ ഭാഗമായി റിയാദിന്റെ ആകാശത്തുടനീളം സൗദി ഹ്വാക്സ് ടീം, റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, സിവിൽ ഏവിയേഷനു കീഴിലുള്ള വിമാനങ്ങൾ എന്നിവ വ്യോമാഭ്യാസങ്ങൾ അവതരിപ്പിക്കുന്നതാണ്.
വൈകിട്ട് നാല് മണിക്ക് റിയാദിലെ നോർത്ത് ഇൻഡസ്ട്രിയൽ ബിൽഡിംഗിന് സമീപം ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഹെലികോപ്ടറുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. സൗദി ആഭ്യന്തര മന്ത്രാലയം, GEA എന്നിവർ സംഘടിപ്പിക്കുന്ന ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സൈനിക പരേഡിൽ ഇതാദ്യമായി ഈ വർഷം വനിതകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സൗദി റോയൽ ഗാർഡുകളുടെ പ്രത്യേക പരേഡും ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് നാല് മുതൽ രാത്രി എട്ട് മണിവരെയാണ് ഈ പരേഡുകൾ അവതരിപ്പിക്കുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളിലായുള്ള 13 നഗരങ്ങളിൽ സെപ്റ്റംബർ 23-ന് രാത്രി 9 മണിക്ക് പ്രത്യേക കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന റോഡുകളും കൊടികളാലും, ദീപാലങ്കാരങ്ങളാലും മോടിപിടിപ്പിച്ചിട്ടുണ്ട്. പൊതു ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയും നാഷണൽ ഡേയുടെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്.
Post Your Comments