ഹൈദരാബാദ്: കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച് 3500 കോടിയുടെ നിക്ഷേപം പിൻവലിച്ച് സംസ്ഥാനം വിട്ട കിറ്റെക്‌സ് തെലങ്കാനയിൽ 2400 കോടിയുടെ വ്യവസായ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെടി രാമറാവു ഒരു ചടങ്ങിൽ കേരളത്തെക്കുറിച്ചും സർക്കാരിനെ കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
‘ഞാൻ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. എന്നാൽ അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു. എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി’ രാമറാവു പറഞ്ഞു.
വ്യവസായ മന്ത്രി കെടിരാമറാവുവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വാറങ്കലിലെ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിൽ കിറ്റെക്സ് ഒപ്പുവെച്ചു. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് വ്യക്‌തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് സബ് ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments