1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ് സുബ്ബലക്ഷ്മിയെയും, പി. ലീലയെയും തീരുമാനിച്ചെങ്കിലും സുബ്ബലക്ഷ്മിയുടെ അസൗകര്യം മുഴുവൻ ഗാനങ്ങളും പാടാൻ പി. ലീലയ്ക്ക് അവസരമൊരുക്കുകയായിരുന്നു.
ഭഗവത് സ്വരൂപവും മാഹാത്മ്യവും വർണ്ണിക്കുന്ന നാരായണീയത്തിലെ ഒന്നാം ദശകവും, കേശാദിപാദം വർണ്ണിക്കുന്ന നൂറാമത്തെ ദശകവുമാണ് റെക്കോർഡിങ്ങിനായി തിരഞ്ഞെടുത്തത്. ഇതിനൊപ്പം രാസക്രീഡ വർണ്ണിക്കുന്ന ദശകവും തിരഞ്ഞെടുത്തു. ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കി ഉച്ചാരണ ശുദ്ധിയോടെ പാടാൻ പി.ലീല കഠിനമായി പരിശ്രമിച്ചു. ഇതിനായി സംസ്‌കൃത പണ്ഢിഹാന്മാരുടെ സഹായവും അവർ തേടി.
ഗുരുവായൂർ ദർശനത്തിന് ശേഷം മദിരാശി എച്ച്.എം.വി സ്റ്റുഡിയോയിലാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്. പ്രതിഫലമായി കിട്ടിയ ആയിരം രൂപ കണ്ണന് കാണിക്കയായി നൽകി. 1961 സെപ്റ്റംബർ 22 ന് പുലർച്ചെ മുതലാണ് ഈ ഗാനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ ഉയർന്ന് കേട്ടുതുടങ്ങിയത്. അറുപതാണ്ടുകൾ പിന്നിട്ടിട്ടും മുടക്കം കൂടാതെ ലീലാസ്വരമാധുരിയിൽ തിരുനാമധാര മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുകയാണ്.
Post Your Comments