ThiruvananthapuramKeralaLatest NewsNews

പ്രത്യേക കര്‍മ്മ പദ്ധതി: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റും

തിരുവനന്തപുരം: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.

‘സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുന്നതാണ്’- മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡ് കാരണം എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തു. അടുത്ത 3 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കാനായി ഹ്രസ്വമായതും ദീര്‍ഘമായതുമായ സമയം കൊണ്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ വിപുലപ്പെടുത്തുന്നതാണ്. പരിസ്ഥിതി, ജലം, പാല്‍, മത്സ്യ മാംസാദികള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ കാണുന്ന ആന്റിബയോട്ടികളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചു.

ജില്ലാതലങ്ങളില്‍ എ.എം.ആര്‍. കമ്മിറ്റികള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്‌പോക്ക് മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു. എല്ലാ മൂന്ന് മാസവും എ.എം.ആര്‍. അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ച്‌ ലക്ഷ്യം പൂര്‍ത്തിയാക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ എം.സി. ദത്തന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഐ.എസ്.എം. ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button