News

ലോക്സഭാ ടിക്കറ്റിന് 5 കോടി: ആർജെഡി, കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്‌ഐആർ ഇടാൻ കോടതി ഉത്തരവ്

പട്ന : ലോക്സഭാ ടിക്കറ്റ് വാഗ്ദാനം നൽകി 5 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആർജെഡി, കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ആർജെഡി നേതാക്കളായ തേജസ്വി യാദവ്, മിസ ഭാരതി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ഝാ തുടങ്ങിയവർക്കെതിരെയാണു കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ ഭാഗൽപുർ മണ്ഡലത്തിൽ പാർട്ടി ടിക്കറ്റ് നൽകാമെന്നു വാഗ്ദാനം ചെയ്തു തേജസ്വി യാദവും മദൻ മോഹൻ ഝായും ചേർന്നു 5 കോടി കൈപ്പറ്റിയെന്നാരോപിച്ചു കോൺഗ്രസ് നേതാവായ സഞ്ജീവ് കുമാർ സിങ്ങാണ് കോടതിയെ സമീപിച്ചത്.

സഞ്ജീവ് കുമാർ സിങിന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പട്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിജയ് കിഷോർ സിങ് പട്ന സീനിയർ പൊലീസ് സൂപ്രണ്ടിനു നിർദേശം നൽകി.  പട്നയിലെ ആർജെഡി ഓഫിസിൽ തുക കൈമാറിയെന്നും പരാതിയിൽ പറയുന്നു. ലോക്സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നു നേതാക്കളെ സമീപിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും സഹോദരനും ടിക്കറ്റ് വാഗ്ദാനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നു തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തുമെന്നു ഭീഷണിയുണ്ടായതായും പരാതിയിൽ ആരോപിക്കുന്നു.  അതേസമയം, തേജസ്വി യാദവ് ആരോപണം നിഷേധിച്ചു. ഇക്കാര്യത്തിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്നും ആരോപണം സത്യവിരുദ്ധമാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. പരാതിക്കാരന് അഞ്ചു കോടി രൂപ എവിടെനിന്നു കിട്ടിയെന്നും തേജസ്വി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button