തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 2 പുതിയ ഐസിയുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 100 ഐസിയു കിടക്കകൾ സജ്ജമാക്കിയത്. ഈ ഐസിയുകൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നതെന്നും 9 വെന്റിലേറ്ററുകൾ സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.
Read Also: ഓട്ടിസം ബാധിച്ചവരെ സഹായിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്
ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കും. എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് രോഗികൾ കൂടിയാൽ അവരെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഐ.സി.യു.കൾ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഐ.സി.യു.കളുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.
Read Also: റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു: സൗദിയിൽ പതിനാറായിരത്തിലധികം പേർ അറസ്റ്റിൽ
എല്ലാ കിടക്കകളിലും മൾട്ടി പാരാമീറ്റർ മോണിറ്റർ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും. സെൻട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനും ഡോക്ടർമാർക്ക് ഓരോ രോഗിയുടേയും മോണിറ്ററിംഗ് വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഐസിയുവിനോടനുബന്ധമായി മൈനർ പ്രൊസീജ്വർ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മർദം കുറയ്ക്കുന്നതിനായി മ്യൂസിക് സിസ്റ്റം, ടി.വി., അനൗൺസ്മെന്റ് സംവിധാനം എന്നിവയുമുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ സജ്ജമാക്കിയത്.
Post Your Comments