തിരക്ക് പിടിച്ച ജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കളില്‍ മാത്രം ഒതുങ്ങി. കൂട്ടുകുടുംബങ്ങളില്‍ കുട്ടികളെ കാരണവര്‍ ആയിരുന്നു നോക്കിയിരുന്നത്. എന്നാല്‍ ഇന്ന് പല വീടുകളിലും രാവിലെ മാതാപിതാക്കള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ ജോലിക്കാരാകും കുട്ടികളെ നോക്കുന്നതും വീട്ടിലെ മറ്റുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. കൂടുതല്‍ അന്വേഷണങ്ങള്‍ പോലും നടത്താതെയാകും ഇത്തരത്തില്‍ ജോലിക്കു നിര്‍ത്തുന്നവരെ വീടുകളില്‍ നിര്‍ത്തുക.
ക്രിമിനല്‍ പശ്ചാത്തലം ഉള്ള ചിലരാകട്ടെ വീടും ചുറ്റുപാടും മനസിലാക്കിയതിനുശേഷം ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കി കൈയില്‍ കിട്ടുന്നതും കുട്ടികളെയും കൊണ്ട് കടന്നു കളയുന്നു. ഇതിനിടയില്‍ കടന്നു വരുന്ന ഒരു പ്രധാനിയാണ് മൊബൈല്‍ ഫോണ്‍. സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാകുമെങ്കിലും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്ന ഒന്നാണിത്. സംസാരം തുടങ്ങി കഴിഞ്ഞാല്‍ ചുറ്റുപാടും കുഞ്ഞുങ്ങളെ പോലും മറന്നു പോകുന്നവരുണ്ട്. ഇത്തരത്തില്‍ പല ഘട്ടങ്ങളിലും തട്ടിക്കൊണ്ട് പോയി കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറുകയോ ഇല്ലെങ്കില്‍ പീഡനത്തിന് വിധേയമാക്കുകയോ, ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വില്‍ക്കുകയോ ആണ് പതിവ്.
സംസ്ഥാനത്തു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2015ല്‍ 145 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2017ല്‍ ആയപ്പോള്‍ ഇത് 164 ആയി വര്‍ധിച്ചു. 2018 ഫെബ്രുവരി 20 വരെ മാത്രം 23 കുട്ടികളെ കാണാതായി. 2013 മുതല്‍ 2017 വരെ 18 വയസിനു താഴെയുള്ള 7444 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 5746 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. നാഷണല്‍ ക്രൈം റിപ്പോര്‍ട്ട് അനുസരിച്ചു ഇന്ത്യയില്‍ ഒരോ 8 മിനിറ്റിനിടയിലും ഓരോ കുട്ടികളെ കാണാതാകുന്നതായാണ് കണക്ക്. 2019ല്‍ കേരളത്തില്‍ മാത്രം 12, 802 മിസിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പെണ്‍കുട്ടികളെയാണ് കൂടുതലായും കാണാതായിട്ടുള്ളത്.
Post Your Comments