തിരുവനന്തപുരം: കേരളത്തില്‍ വളര്‍ന്നു വരുന്ന വിഘടനവാദികളെയും തീവ്രവാദികളെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമുള്ളതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിനെയും വിയോജിപ്പുളളവന്റെ കൈ വെട്ടുന്ന എസ്ഡിപിഐക്കാരെയും ഒരുമിച്ച് കൊണ്ടു പോകുന്ന സമീപനമാണ് ഇരുവര്‍ക്കുമെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച നവഭാരത മേള സമാപന ചടങ്ങില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മതമൗലികവാദികള്‍ക്കെതിരെ സംസാരിച്ചാല്‍ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞതെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതേസമയം തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അത് തെളിയിച്ചിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.
Post Your Comments