ലണ്ടന്‍ : യു.കെ യിൽ പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആയിരിക്കും ഇനിമുതല്‍ ലൈസന്‍സുകള്‍ ലഭ്യമാവുക. ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് കാര്‍ഡുകളും നല്‍കുമെങ്കിലും, കുറച്ചു കഴിയുമ്പോള്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്തുവാന്‍ ആകുമെന്ന് ഡി വി എല്‍ എ അറിയിച്ചു. പേപ്പര്‍ ആപ്ലിക്കേഷനുകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ താമസിച്ചാണ് പ്രോസസിംഗ് നടക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനം ഇത്തരത്തിലുള്ള കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
യുകെയിലെ ഗതാഗത സംവിധാനം ആധുനികതയിലേക്ക് നടന്നടുക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വ്യക്തമാക്കി. 2024 ഓടെ മാത്രമേ പുതിയ പ്രൊഫഷണല്‍ ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകുകയുള്ളൂ. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇതിന്റെ ട്രയല്‍ സംവിധാനം ആരംഭിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സുകളോടൊപ്പം തന്നെ വാഹന ടെസ്റ്റുകള്‍ക്കായുള്ള ബുക്കിംഗ് സംവിധാനവും, സര്‍ട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള നീക്കമാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൂടുതല്‍ കാര്യക്ഷമതയോടെ കാര്യങ്ങള്‍ നടക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അഭിപ്രായപ്പെട്ടു.
Post Your Comments