ജയ്പൂര്‍: ബാലവിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍. ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കി. പുതിയ ബില്ല് പ്രകാരം, വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ബാല വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. എന്നാല്‍ ബാലവിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതുകൊണ്ട് അവ സാധുതയുള്ളതായി കണക്കാക്കില്ലെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞത്. മുമ്പ്, ജില്ലാതലത്തില്‍ ആയിരുന്നു വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നതെങ്കിൽ ബില്ലിലെ പുതിയ വ്യവസ്ഥ പ്രകാരം ബ്ലോക്ക് തലം വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും.
Also Read:ക്യാൻസർ ജീവൻ രക്ഷാ മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ
പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബ്ലോക്ക് തലം വരെ രജിസ്‌ട്രേഷന്‍ നടത്തും. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ അനുവദിച്ചിരിക്കുന്ന മാതൃകയില്‍ ഒരു മെമ്മോറാണ്ടം നല്‍കി രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആ ബാലവിവാഹം രജിസ്റ്റര്‍ ചെയ്യും.
അതേസമയം, ബിൽ പാസാക്കിയതിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കരിദിനമെന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ബിജെപി ശൈശവ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബിജെപിയുടെ എതിർപ്പുകൾ വകവെയ്ക്കാതെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്ന് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ വ്യക്തമാക്കി.
Post Your Comments