തൊടുപുഴ: വൈദ്യുതിയും കുടിവെള്ളവും സ്വന്തമായി കെട്ടിടവുമില്ലാതെ ജില്ലയിലെ അങ്കണവാടികള്‍. ജില്ലയില്‍ ആകെ 1561 അങ്കണവാടികളാണുള്ളത്. ഇവയില്‍ 1264 എണ്ണത്തിനാണ് സ്വന്തം കെട്ടിടമുള്ളത്. 115 എണ്ണം വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 182 എണ്ണം വാടകരഹിത കെട്ടിടങ്ങളില്‍. സ്വന്തമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ അസൗകര്യവും പരിമിതികളും ഏറെയാണ്.
ജില്ലയിലെ 203 അങ്കണവാടികളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി ഉല്പാദനത്തിന്റെ നാടായ ഇടുക്കിയാണ് വൈദ്യുതീകരിക്കാത്ത അങ്കണവാടികള്‍ ഏറ്റവും കൂടുതലുള്ള ജില്ല. ഇതിനായുള്ള നടപടികള്‍ വര്‍ഷങ്ങളായി എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഇതിനെക്കാള്‍ രൂക്ഷമാണ് കുടിവെള്ള പ്രശ്നം. 697 എണ്ണത്തിന് കുടിവെള്ളസൗകര്യമില്ല. കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യാന്‍ ഇവിടങ്ങളില്‍നിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ട്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ജില്ല വികസന കമീഷണര്‍ അര്ജുന് പാണ്ഡ്യന് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതീകരിക്കാത്ത അങ്കണവാടികളുടെ വിവരം ശേഖരിക്കും. മുൻപ് ചേര്‍ന്ന യോഗത്തില്‍ വൈദ്യുതീകരണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments