ന്യൂഡല്‍ഹി: ആംബുലന്‍സുകളിലെ ഭയപ്പെടുത്തുന്ന ഹോണ്‍ ശബ്ദം ഇനി ഇല്ല. പകരം ഉയരുക തബലയുടെയും ഓടക്കുഴലിന്റെയും നാദം. ആംബുലന്‍സുകളിലെ ഹോണ്‍ ശബ്ദം മാറ്റി പുതിയ പാറ്റേണിന്റെ ജോലികള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മലിനീകരണം തടയാന്‍ എക്‌സ്പ്രസ് വേയുടെ വശങ്ങളില്‍ ഏകദേശം 4 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആംബുലന്‍സിന് പുറമെ മറ്റു വാഹനങ്ങളിലെ അലോസരപ്പെടുത്തുന്ന ഹോണുകള്‍ മാറ്റാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ശബ്ദമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് ഒരുങ്ങുന്നത്. നിലവിലെ ഹോണുകള്‍ക്ക് പകരം ഇന്ത്യന്‍ സംഗീതോപകരങ്ങളുടെ ശബ്ദത്തില്‍ ഹോണുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വാഹനങ്ങളില്‍ നിന്നും തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദം കേള്‍ക്കാം.
നിയമപ്രകാരം വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഹോണിന്റെ ശബ്ദതീവ്രത പരമാവധി 112 ഡെസിബെല്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മനുഷ്യന് താങ്ങാവുന്ന പരമാവധി ശബ്ദ തീവ്രത 140 ഡെസിബെല്ലും കുട്ടികള്‍ക്ക് ഇത് 120 ഡെസിബെല്ലുമാണ്. 8 മണിക്കൂര്‍ തുടര്‍ച്ചയായി 85 ഡെസിബെല്ലിന് മുകളില്‍ ശബ്ദം ശ്രവിക്കുന്നത് ഹാനികരമാണ്.
Post Your Comments