ലാഹോര്‍: താലിബാനെ ഭയന്ന് അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ നാടുവിട്ടത് പാകിസ്ഥാനിലേക്കെന്ന് റിപ്പോർട്ട്. ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങളാണ് പാകിസ്ഥാനിലേക്ക് പാലായനം ചെയ്തത്. ബുര്‍ഖ ധരിച്ച് അതിര്‍ത്തി കടന്നാണ് ഇവര്‍ കുടിയേറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താലിബാന്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടപ്പോഴാണ് കായിക താരങ്ങള്‍ രാജ്യം വിട്ടത്.
‘ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മറ്റൊരു എന്‍ജിഒയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എനിക്ക് അഭ്യര്‍ത്ഥന ലഭിച്ചു. അതിനാല്‍ അവര്‍ക്ക് പാകിസ്ഥാനിൽ ഇറങ്ങാന്‍ അനുമതി തേടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു’, ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള വികസന എന്‍ജിഒ ഫുട്ബോള്‍ ഫോര്‍ പീസ് അംബാസഡര്‍ സര്‍ദാര്‍ നവീദ് ഹൈദര്‍ പറഞ്ഞു. അഫ്ഗാൻ ദേശീയ ടീമിന്റെ അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18 ടീമുകള്‍ക്കായി കളിച്ച പെണ്‍കുട്ടികളാണ് ബുര്‍ഖ ധരിച്ച് അഫ്ഗാന്‍ – പാകിസ്താന്‍ അതിര്‍ത്തി കടന്നതെന്നും ഹൈദര്‍ വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിലെ സ്ത്രീകൾ ജോലി ചെയ്യേണ്ടെന്ന കർശന നിലപാടിൽ തന്നെയാണ് താലിബാൻ ഉറച്ചു നിൽക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചു ജോലി ചെയ്യരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ കാരണത്താൽ സ്വന്തം കുടുംബത്തിന്റെ അതിജീവനത്തിനായി ജോലിയ്ക്ക് പോയിരുന്നവരൊക്കെ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
Post Your Comments