Latest NewsNewsUKInternational

ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും: ഹെവി ഗുഡ്‌സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ

ലണ്ടൻ: ഹെവി ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുകെയിലെ ഏജൻസികൾ. വലിയ ശമ്പളവും വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്‌സ് ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോറി ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് നടപടി. 70,000 പൗണ്ട് വരെ വാർഷിക ശമ്പളമാണ് ഗുഡ്‌സ് ഡ്രൈവർമാർക്കായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജോലിക്ക് കയറിയാൽ ഉടൻ 2000 പൗണ്ട് സൈനിംഗ് ഇൻ ബോണസായി നൽകുമെന്നും വാഗ്ദാനമുണ്ട്.

Read Also: ആരോഗ്യരംഗത്തെ ഗുണനിലവാരത്തിന് കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

സെയിൻസ്ബറി, ടെസ്‌കോ തുടങ്ങിയ സൂപ്പർമാർക്കറ്റുകളിലെ വിതരണ ചുമതലയുള്ള ഏജൻസികൾ, ഡ്രൈവർമാരെ അങ്ങോട്ട് സമീപിച്ചാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്നത്. ഏകദേശം 1 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ പല ഭക്ഷ്യ സാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മെക് ഡോണാൾഡ്‌സ് ഉൾപ്പടെയുള്ളവർ പല ജനപ്രിയ ഭക്ഷണപദാർത്ഥങ്ങളും തങ്ങളുടെ മെനുവിൽ നിന്നും നീക്കം ചെയ്യുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിനായുള്ള നടപടിക്രമങ്ങളും അധികൃതർ ലളിതവത്ക്കരിച്ചു. ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് അധികൃതർ പുതിയ നടപടികൾ സ്വീകരിച്ചത്. ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസിന് അപേക്ഷിക്കുന്നവർ നേരത്തേ, മൂന്നാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ടെസ്റ്റുകൾക്ക് വിധേയരാകണമായിരുന്നു. ഹെവി ഗുഡ്സ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി മുതൽ ഒരു ടെസ്റ്റ് മാത്രം മതിയാകും. ടെസ്റ്റിലെ ചില ഘടകങ്ങൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കാർ ഡ്രൈവർമാർക്ക് ഒരു ട്രെയിലറോ അല്ലെങ്കിൽ കാരവാനോ ഓടിക്കുവാൻ പ്രത്യേക ലൈസൻസ് വേണമെന്ന നിബന്ധനയും റദ്ദാക്കിയിരുന്നു.

പല പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളും 50,000 പൗണ്ട് വരെ ശമ്പളമായിരുന്നു ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പുറമേ 1000 പൗണ്ടിന്റെ ജോയിനിംഗ് ബോൺസ് ഉൾപ്പടെ പല ആകർഷകമായ ആനുകൂല്യങ്ങളൂം ഉറപ്പ് നൽകിയിരുന്നു. ഈ മേഖലയിൽ ജോലിചെയ്തിരുന്ന നിരവധി വിദേശ തൊഴിലാളികൾ കോവിഡ് പ്രതിസന്ധിയിൽ സ്വന്തം നാടുകളിലേക്ക് തിരികെ പോയതും ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയമങ്ങളിൽ വന്ന മാറ്റങ്ങളും ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം വർധിപ്പിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം.

Read Also: വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി: പദ്ധതിയ്ക്ക് സന്നദ്ധ സേവകരെ ആവശ്യപ്പെട്ടുകൊണ്ട് ടൊവിനോ തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button