ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ആക്ഷേപിച്ച് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ. രേവന്ത് റെഡി. ശശി തരൂര്‍ ഉപയോഗമില്ലാത്ത കഴുതയാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡി ആവശ്യപ്പെട്ടു. രേവന്ത് റെഡിയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയാണ്. ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ശശി തരൂര്‍ തെലങ്കാന സര്‍ക്കാരിനെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയേയും പ്രശംസിച്ചിരുന്നു. ഇതാണ് രേവന്ത് റെഡിയെ ചൊടിപ്പിച്ചത്.
‘ശശി തരൂര്‍, കഴുതയ്ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയണം. ഇംഗ്ലീഷില്‍ കുറച്ച് വാക്കുകള്‍ അറിയാം. ഭാഷ എന്നത് അറിവല്ല, അത് ആശയവിനിമയ മാധ്യമമാണ്. ഇംഗ്ലീഷില്‍ കുറച്ച് വാക്കുകള്‍ സംസാരിക്കുന്നതുകൊണ്ട് ഒന്നും മാറില്ല. അയാളെ ഒരു കഴുതയായാണ് ഞാന്‍ കരുതുന്നത്. അയാള്‍ ഒരു ഉപയോഗവുമില്ലാത്ത ഒരാളാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം’ എന്നായിരുന്നു രേവന്ത് റെഡിയുടെ പ്രസ്താവന.
ടിആര്‍എസ് നേതാവ് കൃഷാങ്ക് മന്നെ രേവന്ത് റെഡിയുടെ ഓഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചതോടെ രേവന്ത് ശശി തരൂരിനോട് മാപ്പ് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ചു കൊണ്ട് മാപ്പ് പറയുകയാണെന്ന് രേവന്ത് റെഡി ട്വീറ്ററില്‍ കുറിച്ചു.
Post Your Comments