മസ്‌കറ്റ്: രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. കൈവശപ്പണയാടിസ്ഥാനത്തിൽ മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
Read Also: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് ക്രൂരത: ഓടുന്ന ഓട്ടോയിൽ പോത്തിനെ കയറിട്ട് കെട്ടിവലിച്ചു
ഇത്തരത്തിൽ അപേക്ഷിക്കുന്ന പ്രവാസികൾ, അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിരിക്കണം. മസ്‌കറ്റ് ഗവർണറേറ്റിലെ ഏതാനം നിശ്ചിത ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. ചുരുങ്ങിയത് 45000 റിയാൽ മൂല്യമുള്ളതായിരിക്കണം ഇത്തരം പാർപ്പിടങ്ങൾ എന്നാണ് നിർദ്ദേശം. തനിച്ചോ, അടുത്ത കുടംബാംഗത്തോടൊപ്പം പാർട്ണർഷിപ്പ് വ്യവസ്ഥയിലോ പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ വാങ്ങുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിടത്തിനുമേൽ ലോൺ നേടുന്നതിനുള്ള അനുമതിയുമുണ്ട്.
വസ്തു വാങ്ങി നാല് വർഷത്തിന് ശേഷം മാത്രമെ അവ വിൽക്കാൻ അനുമതി ലഭിക്കൂ. വസ്തു വാങ്ങിയ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ അനന്തരാവകാശിക്ക് വസ്തു കൈമാറ്റം ചെയ്യാം. ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ അനുമതിയുള്ളത്. ഇത്തരം ഓരോ യൂണിറ്റിലും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയും ഉണ്ടായിരിക്കണം. ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിലെയും പരമാവധി 40 ശതമാനം യൂണിറ്റുകളാണ് പ്രവാസികൾക്ക് വിൽക്കാൻ അനുവാദം നൽകുന്നത്. ഒരേ രാജ്യത്ത് നിന്നുള്ളവർക്ക് പരമാവധി 20 ശതമാനം യൂണിറ്റുകളെ വിൽക്കാൻ അനുവദിക്കൂവെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
Post Your Comments