പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി ഗോവ ഗവര്‍ണറുടെ ഫണ്ടില്‍ നിന്ന് 71 അനാഥാലയങ്ങള്‍ക്ക് ധന സഹായം നല്‍കാന്‍ തീരുമാനം. അനാഥാലയങ്ങള്‍ക്ക് ധന സഹായം നല്‍കുന്നതിനൊപ്പം വൃക്ക രോഗബാധയെ തുടര്‍ന്ന് ഡയാലിസിസിന് വിധേയരാവുന്ന 71 ആളുകള്‍ക്കുള്ള ധനസഹായവും ഇതോടൊപ്പം പ്രഖ്യാപിച്ചു.
ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഈ ആളുകളുടെ ഡയാലിസിസ് തുക ഗവര്‍ണറുടെ പ്രത്യേക ഫണ്ടില്‍ നിന്നും നല്‍കും. സഹായത്തിന് അര്‍ഹരായവര്‍ വിവരങ്ങള്‍ സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ അധികാരികള്‍ക്ക് നല്‍കണം. ആദ്യം അപേക്ഷ നല്‍കുന്ന 71 പേര്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്.
കൂടാതെ, ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വെച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയെ ഗവര്‍ണര്‍ പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം, ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് ഭാരതത്തിന് അനുഗ്രഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളുടെ കൂടെ നിന്ന്, അവരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്ന ശക്തനായ നേതാവാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments