
മലപ്പുറം: പൂക്കോട്ടുപാടം കൂറ്റമ്പാറയിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. രണ്ടര കോടി രൂപ വിലവരുന്ന 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. കൂറ്റമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സൽമാൻ, വിഷ്ണു എന്നീ രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.
എക്സൈസ് വകുപ്പിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൂക്കോട്ടുപാടം കൂറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. പുലർച്ചെ 6 മണിയോടെയാണ് എക്സൈസ് സംഘം മേഖലയിൽ പരിശോധന നടത്തിയത്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പൂക്കോട്ടുപാടത്ത് നടന്നത്.
ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടി രൂപ വരെ ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. 10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്നും ഏജന്റുമാരെ ഉപയോഗിച്ച് ചില്ലറ വിൽപനയും നടത്താറുണ്ടെന്നും പിടിയിലായവർ പറഞ്ഞു. പ്രതികൾ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും ജില്ലയിലെ വിവിധ മേഖലകളിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കാറുള്ളത് ഇവിടെ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments