തിരുവനന്തപുരം : കെപിസിസി. ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു വീണ്ടും രാജി. മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറി ജി. രതികുമാറാണു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. എ.കെ.ജി. സെന്ററിലെത്തിയ രതികുമാറിനെ സിപിഎം നേതാക്കള്‍ ചുവപ്പുഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ഗുരുതര ആരോപണങ്ങളുയര്‍ത്തി അനില്‍കുമാര്‍ രാജിവച്ചതിന്റെ പ്രകമ്പനം അടങ്ങും മുമ്പാണു മറ്റൊരു കെ.പി.സി.സി. ജനറല്‍ സെക്രട്ടറികൂടി കൂടുമാറിയത്. അച്ചടക്കലംഘനത്തിനു സംഘടനാനടപടി നേരിടുമ്പോഴായിരുന്നു അനില്‍കുമാറിന്റെ രാജി. എന്നാല്‍, അങ്ങനെയൊരു സാഹചര്യം രതികുമാറിന്റെ കാര്യത്തിലുണ്ടായിരുന്നില്ല. 40 വര്‍ഷം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന താന്‍ പ്രാഥമികാംഗത്വം രാജിവയ്‌ക്കുന്നുവെന്നാണു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അയച്ച ഇ-മെയിലില്‍ പറയുന്നത്.
സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടു സാധിച്ചില്ലെന്നും രാജിക്കത്തില്‍ ആരോപിക്കുന്നു. കെ. മുരളീധരന്‍ കെപിസിസി അധ്യക്ഷനായിരിക്കേയാണു രതികുമാര്‍ കെപിസിസി സെക്രട്ടറിയായി നേതൃത്വത്തിലെത്തിയത്. ഐ ഗ്രൂപ്പുകാരനായിരുന്ന അദ്ദേഹം മുരളീധരന്റെ വിശ്വസ്‌തരില്‍ ഒരാളായാണ് അറിയപ്പെട്ടത്. കെ. കരുണാകരന്‍ ഡി.ഐ.സിയുണ്ടാക്കിയപ്പോള്‍ രതികുമാറും കോണ്‍ഗ്രസ് വിട്ടിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരിക്കേ നടന്ന അഴിച്ചുപണിയിലാണു ജനറല്‍ സെക്രട്ടറിയായത്. കൊല്ലം, കൊട്ടാരക്കര സ്വദേശിയായ രതികുമാര്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര അല്ലെങ്കില്‍ പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചെങ്കിലും അവസരം കിട്ടിയിരുന്നില്ല.
Post Your Comments