‘അജ്ഞാത പനി’ പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
ചണ്ഡിഗഡ്: ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു. പനി ബാധിച്ച് 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്.
ഏകദേശം 44 പേര്‍ പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച കുട്ടികളുടെ മരണകാരണം എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.
ഡെങ്കി ബോധവത്ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്.
അതേസമയം കുട്ടികള്‍ക്ക് മലിനജലം വിതരണം ചെയ്യുന്നത് മൂലമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ സംശയം.
Post Your Comments