ദുബായ് : സന്ദർശകർക്കായി ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി. വേദിയിലെത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിനും, അവരെ ഗാനാലാപനത്തിനു പ്രോത്സാഹിപ്പിക്കുന്നതിനും, നൃത്തച്ചുവടുകൾ വെക്കുന്നതിനും, മറ്റു കലാപരിപാടികളിൽ പങ്കാളികളാക്കുന്നതിനായി ആനയിക്കുന്നതിനും കൂടപ്പിറപ്പുകളായ റാഷിദ്, ലത്തീഫ എന്ന പേരിലുള്ള ഭാഗ്യചിഹ്നങ്ങൾ എക്സ്പോ വേദിയിൽ തയ്യാറായിക്കഴിഞ്ഞു.
നീരുറവകളിലെ സ്രാവുകൾ, തിമിംഗല സ്ലൈഡുകൾ, ഓഷ്യൻ ലൈനറുകൾ, ഒരു 3D കുരുക്കുവഴി തുടങ്ങിയ കാഴ്ച്ചകൾ റാഷിദ്സ് പ്ലേഗ്രൗണ്ടിലെ പ്രത്യേകതകളാണ്. തമ്മിൽ കെട്ടുപിണഞ്ഞ രീതിയിലൊരുക്കിയിരിക്കുന്ന നീണ്ട പാതകളുള്ള അൽ ഫോർസാൻ പാർക്ക് സന്ദർശകർക്കായി സാംസ്കാരിക ഇടപെടലിനും വിനോദത്തിനുമുള്ള അവസരങ്ങൾ ഒരുക്കുന്നു.
‘എക്സ്പോയിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മുന്നിൽ ആവേശകരവും, വിനോദകരവും, വിദ്യാഭ്യാസപരവുമായ അനുഭവങ്ങളുടെ ഒരു ലോകം തുറക്കുകയാണ്. ഈ വേദിയിലേക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാൻ സാധിക്കുന്നതാണ്’, എക്സ്പോ 2020 ദുബായ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ മാർജൻ ഫറൈദൂണി വ്യക്തമാക്കി.
കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകും വിധത്തിലാണ് 191 രാജ്യങ്ങളുടെ പവലിയനുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ടെറ – സുസ്ഥിരത പവലിയൻ, സുസ്ഥിരതയ്ക്കുള്ള യു എ ഇയുടെയും, എക്സ്പോ 2020-യുടെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നു. എക്സ്പോ അവസാനിച്ചതിന് ശേഷവും, വരും തലമുറകൾക്ക് സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകിക്കൊണ്ട് ടെറ ഒരു ശാസ്ത്ര കേന്ദ്രമായി നിലനിൽക്കുന്നതാണ്.
Post Your Comments