ദോഹ: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിച്ച് ഖത്തർ. രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. ഫൈസർ ബയോഎൻടെക്, മോഡേണ എന്നീ വാക്‌സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പൂർത്തിയാക്കുന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
Read Also: മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമാകുന്നവര്‍ക്ക് സമ്മാനങ്ങളുമായി അബുദാബി : പുതിയ ആപ്പ് പുറത്തിറക്കി
ഖത്തർ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽ ഖുബൈസി സെപ്റ്റംബർ 15-ന് രാജ്യത്തെ ആദ്യ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. മദിന ഖലീഫ ഹെൽത്ത് സെന്ററിൽ നിന്നാണ് അദ്ദേഹം ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ഖത്തറിലെ കോവിഡ് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചപ്പോൾ ആദ്യ ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചതും അദ്ദേഹം തന്നെയാണ്.
65 വയസിന് മുകളിൽ പ്രായമുള്ളവർ. വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് നൽകുന്നത്.
രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഏറെ ഫലപ്രദമാണെന്ന് പഠന റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. തുടർന്നാണ് ബൂസ്റ്റർ ഡോസ് നൽകാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ബൂസ്റ്റർ ഡോസ് വാക്‌സിൻ ലഭിക്കുന്നതിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് നേരിട്ട് ബന്ധപ്പെടും. രണ്ടാം ഡോസ് വാക്‌സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് പിഎച്ച്‌സിസിയിൽ നിന്ന് ബന്ധപ്പെടുന്നില്ലെങ്കിൽ 4027 7077 എന്ന നമ്പറിൽ ബുക്കിംഗിനായി വിളിക്കാം.
Post Your Comments