KannurKerala

ടി പി വധക്കേസില്‍ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മകൾ പി കെ ഷബ്‌നയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്നു പാര്‍ട്ടി പറയുമ്പോഴും സിപിഎമ്മിനും നേതാക്കള്‍ക്കും ഇടയിലെ മുറിച്ചു മാറ്റാനാവാത്ത കണ്ണിയായിരുന്നു പി.കെ.കുഞ്ഞനന്തന്‍.

കണ്ണൂര്‍: ആര്‍ എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷാ കാലാവധിയിൽ അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മകള്‍ പി.കെ.ഷബ്‌നയും പാര്‍ട്ടി ചുമതലയിലേക്ക്. കുഞ്ഞനന്തന്റെ വീട് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി ഷബ്‌നയെ നിയോഗിച്ചാണ് പാര്‍ട്ടി നേതൃത്വം കുഞ്ഞനന്തന്റെ കുടുംബത്തിനോട് കടപ്പാട് തെളിയിച്ചത്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്നു പാര്‍ട്ടി പറയുമ്പോഴും സിപിഎമ്മിനും നേതാക്കള്‍ക്കും ഇടയിലെ മുറിച്ചു മാറ്റാനാവാത്ത കണ്ണിയായിരുന്നു പി.കെ.കുഞ്ഞനന്തന്‍.

എന്നാല്‍, ഭരണകൂട ഭീകരതയുടെ ഇരയാണ് കുഞ്ഞനന്തനെന്ന വാദമാണ് സിപിഎം മുന്നോട്ടു വയ്ക്കുന്നത്. കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങുകള്‍ പാര്‍ട്ടി ഏറ്റെടുത്തു നടത്തുകയും ഒന്നാം ചരമ വാര്‍ഷികം സിപിഎം വിപുലമായി ആചരിക്കുകയും ചെയ്തിരുന്നു. കണ്ണങ്കോട് ടിപിജിഎം യുപി സ്‌കൂള്‍ അദ്ധ്യാപികയായ ഷബ്‌ന കെഎസ്ടിഎ പാനൂര്‍ ഉപജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗമാണ്. ജോലിയില്‍ തുടരുന്നവരെ മാറ്റിനിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനത്തിന് എപ്പോള്‍ വേണമെങ്കിലും സന്നദ്ധരായ പ്രവര്‍ത്തകരെ താഴെത്തട്ടില്‍ നേതൃനിരയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് അദ്ധ്യാപികയായ ഷബ്‌നയ്ക്കായി പാര്‍ട്ടി ഇളവുകള്‍ നല്‍കിയത്.

1970 മുതല്‍ സിപിഎമ്മില്‍ അംഗമായിരുന്ന അദ്ദേഹം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിലിരിക്കെ കുഞ്ഞനന്തനു ദീര്‍ഘനാളത്തേക്കു പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. ടിപിയെ വകവരുത്താനുള്ള തീരുമാനം സിപിഎം അറിവോടെയാണെന്ന രാഷ്ട്രീയ ആരോപണത്തിനു ബലമേകുന്നതായിരുന്നു ടിപി വധത്തിനു ശേഷം കുഞ്ഞനന്തനു കിട്ടിയ പാര്‍ട്ടി സംരക്ഷണം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും കോടതി നടപടികളുമെല്ലാം കുഞ്ഞനന്തനില്‍ അവസാനിച്ചെങ്കിലും അത് ഉയര്‍ത്തിയ രാഷ്ട്രീയ അലയൊലികള്‍ ഇപ്പോഴും പാര്‍ട്ടിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button