മലപ്പുറം: ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിഷയത്തില്‍ ഹരിത നേതാക്കള്‍ക്ക് നിഗൂഢമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് പൊന്നാനി മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിത വിവാദത്തിന് കാരണം നവാസിന്റെ പരാമര്‍ശമല്ല. പ്രശ്‌നങ്ങള്‍ക്ക് കാരണം എം.എസ്.എഫിലെ ഗ്രൂപ്പിസമാണെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. നവാസിന്റെ വാക്കുകള്‍ വീണ് കിട്ടിയപ്പോള്‍ അത് ആയുധമാക്കുകയായിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസം നേതൃത്വത്തെ അറിയിക്കാതെ ചാനലുകളെ അറിയിക്കുകയായിരുന്നു ഹരിത നേതാക്കള്‍ ചെയ്തത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് പലതവണ ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവ എല്ലാം പരാജയപ്പെട്ടു. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കുട്ടി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയവരെല്ലാം ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പി.എം.എ സലാം പറഞ്ഞു.
Post Your Comments