കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡി സമന്‍സയച്ചു. മാസം 21-ന് ന്യൂഡല്‍ഹിയില്‍ ഹാജരാകാനാണ് നോട്ടീസ്. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു കുറ്റവാളികളുമായുള്ള ബന്ധവും അനധികൃത ഇടപാടുകള്‍ നടത്തിയ കമ്പനികളുമായി ബന്ധവും സംബന്ധിച്ചായിരുന്നു ആദ്യതവണ ഇ.ഡി. വിവരം തേടിയത്.
കഴിഞ്ഞദിവസം ദില്ലിയിലെത്താന്‍ അഭിഷേക് ബാനര്‍ജിയോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും പെട്ടെന്നുള്ള നോട്ടീസില്‍ ഇത്രയും ദൂരം എത്താന്‍ കഴിയില്ലെന്നും ഇക്കഴിഞ്ഞ ആറിന് ദില്ലിയില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും അദ്ദേഹം നോട്ടീസിന് മറുപടി നല്കി. കൂടാതെ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഈ മാസം ഒന്നിന് ഹാജരാകാനായിരുന്നു ഇ ഡി യുടെ നിര്‍ദേശം.
എന്നാല്‍ കോവിഡ് സാഹചര്യമാണെന്നും ചെറിയ കുട്ടികളുള്ളതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പകരം കൊല്‍ക്കൊത്തയിലെ വീട്ടിലേക്ക് അന്വേഷണ ഏജന്‍സിക്ക് എത്താമെന്നും കാണിച്ച് അവര്‍ മറുപടി നല്കി. അതേസമയം കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കുറ്റക്കാരനെന്നുകണ്ടാല്‍ തൂക്കിലേറാന്‍ തയ്യാറാണെന്നും അഭിഷേക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ബി.ജെ.പി. കേന്ദ്ര ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണെന്ന് ഭവാനിപുരില്‍ പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കുറ്റപ്പെടുത്തി.
Post Your Comments