ഛണ്ഡീഗഢ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്.
രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം.
Also Read: കുർബാനക്കിടെ വർഗീയ പരാമർശം: പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍
എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു.
അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments