
മലപ്പുറം: മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ച കാറുമായി ഇന്ധനം നിറയ്‌ക്കാനെത്തിയ പ്രതികൾ പിടിയിലായി. സംഭവത്തിൽ മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്നകുമാര്‍ (42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ കരീം (37) എന്നിവരാണ് പിടിയിലായത്.
യൂസ്ഡ് കാര്‍ ഷോറൂമുകളിലെ വാഹനങ്ങളില്‍ സാധാരണയായി ഇന്ധനം കുറവായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. തുടർന്ന് പമ്പിലെത്തിയ പോലീസ് സംഘം ഇന്ധനം നിറക്കാന്‍ കയറിയ വാഹനം തടഞ്ഞ് നിര്‍ത്തി മോഷ്ടാക്കളെ കയ്യോടെ പിടികൂടുകയുമായിരുന്നു. അതേസമയം മോഷ്ടിക്കാനായി കയറിയവർ കാര്‍ പുറത്തേക്ക് ഇറക്കുന്നതിനുള്ള സൗകര്യത്തിനായി മറ്റൊരു കാറിന്റെ ഡോര്‍ കുത്തി തുറന്നു. ആ വാഹനം തള്ളി മാറ്റുന്നതിനിടെ സമീപവാസി ശബ്ദം കേള്‍ക്കുകയും സ്ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിക്കുകയുമായിരുന്നു.
ഉടമകള്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടിച്ച ഇയോണ്‍ കാറുമായി മുങ്ങുന്നതിനിടെ തോണിച്ചാല്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനാണ് ഇവർ കയറിയത്. പ്രതികളിലൊരാളായ അബ്ദുള്‍ കരീം വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളിലുള്‍പ്പെടെ രത്നകുമാറിനും പങ്കുള്ളതായാണ് വിവരം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.
Post Your Comments