തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം ട്രെയിനില്‍ യാത്രക്കാരെ മയക്കി കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. സ്ഥിരം മോഷ്ടാവായ അസ്ഗര്‍ ബാദ്ഷായാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നാണ് സൂചന. ഇയാളെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ മൂന്ന് വനിതാ യാത്രക്കാരെ മയക്കി കിടത്തി പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികളായ വിജയകുമാരി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി ഗൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. നിസാമുദ്ദീനില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബോധരഹിതരായ നിലയില്‍ ഇരുവരെയും റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയകുമാരിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി.
കവര്‍ച്ചയ്ക്കിരയായ മൂന്നാമത്തെയാള്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗൗസല്യയാണ്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഗൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൂന്നു പേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
Post Your Comments