
തൃപ്പൂണിത്തുറ: ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്. തെറിച്ചു വീണ മകൻ ചിരാഗ് രസ്തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും.
Post Your Comments