ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കി ലോറി ഓടിച്ചു. വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ക്ലീനര്‍ മരിച്ചു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രന്‍ (51) ആണ് മരിച്ചത്. വാഹന ഉടമയായ ഡ്രൈവര്‍ നെടുവേലില്‍ ഡേവിസ് (42) പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടുക്കി അടിമാലിയിലായിരുന്നു സംഭവം. രാജാക്കാട്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന കറി പൗഡര്‍ യൂണിറ്റിലേക്ക് യന്ത്രസാമഗ്രികളുമായി പോകുകയായിരുന്നു ലോറി. സ്ഥലം അറിയാത്തതു കൊണ്ട് ഡ്രൈവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. തുടര്‍ന്ന് ഗൂഗിള്‍ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചത്. മൂന്നാര്‍ റോഡില്‍ രണ്ടാംമൈലില്‍ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാല്‍ വഴി രാജാക്കാട്ടേക്കുളള റോഡാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്. എന്നാല്‍ എന്നാല്‍ അടിമാലിയില്‍ നിന്നു കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ വഴിയാണ് രാജാക്കാട്ടേക്കു ദൂരം കുറഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോകുമ്പോഴാണ് തട്ടാത്തിമുക്കിനു സമീപം വച്ച് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
വാഹനത്തില്‍ നിന്ന് സഹായി തെറിച്ചു പുറത്തേക്കു വീണു. ലോറിക്കുള്ളില്‍ നിന്നു ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് സുബ്രന്‍ മരിച്ചത്. സുബ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Post Your Comments