KeralaLatest NewsNews

ചന്ദനമരം മുറിച്ചുകടത്തിയ കേസ്: മരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചെടുത്തു, തടി ജീപ്പിൽ വീട്ടിലേക്ക് കൊണ്ടുപോയി

പ്രതികൾക്ക് ജില്ലയിലെ മരം മാഫിയ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വയനാട്: കളക്‌ട്രേറ്റ്‌ വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പ്രതികളായ കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെ മരം മുറിച്ച സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ രണ്ട് പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കേണിച്ചിറയിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളായ ബാലനും മോഹനനും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം രാത്രി സിവിൽ സ്റ്റേഷന് പിറകിലെ കാട് മൂടി കിടന്നിരുന്ന സ്ഥലത്ത് കൂടിയാണ് പ്രതികൾ കളക്‍ട്രേറ്റ് വളപ്പിലെത്തിയത്. ഒരാൾ പൊക്കത്തിലുള്ള ചന്ദനമരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചെടുത്തു. നാല് കിലോ തൂക്കമുള്ള മരത്തടി കമ്പളക്കാടുള്ള വീട്ടിലേക്ക് ജീപ്പിൽ കൊണ്ടുപോയി. പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മരത്തടികള്‍ വാങ്ങിയ അഷ്റഫിനെയും ജീപ്പ് ഡ്രൈവർ നൗഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

മരക്കച്ചവട ഏജന്‍റായ അഷ്റഫിന്‍റെ കേണിച്ചിറയിലെ വീട്ടിൽ നിന്നാണ് തടികൾ കണ്ടെത്തിയത്. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കളകട്രേറ്റ് വളപ്പിലെ ചന്ദന മരത്തെ കുറിച്ച് വിവരം നൽകിയ ആളെയും മറ്റൊരു മരകച്ചവടക്കാരനെയും ഇനി പിടികൂടാനുണ്ട്. പ്രതികൾക്ക് ജില്ലയിലെ മരം മാഫിയ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button