ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും അക്രമം പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം പാക്കിസ്ഥാൻ തുടരുകയാണെന്ന് യുഎന്നിൽ ഇന്ത്യ. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. മാറി വരുന്ന സമാധാന സംസ്കാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിദിഷ പാക്കിസ്ഥാനെതിരെ പ്രതികരിച്ചത്. യുഎൻ വേദികൾ പോലും ഇന്ത്യയ്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുന്നതിനാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.
പരിപാടിയുടെ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പാക്കിസ്ഥാൻ പ്രതിനിധി മുനിർ അക്രം പറഞ്ഞത്. ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമായിരുന്നു മുനിർ അക്രം യുഎന്നിൽ അവതരിപ്പിച്ചത്. ഇതോടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ സമീപനത്തിനെതിരെ രംഗത്തെത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും അസഹിഷ്ണുതയും ഭീകരാക്രമണങ്ങളും അക്രമവും വർധിച്ചുവെന്നും എന്നാൽ, ജനാധിപത്യവും മനുഷ്യത്വവും ഇന്ത്യ ഉയർത്തിപ്പിടിക്കുമെന്നും വിദിഷ പറഞ്ഞു. നാനാത്വവും സമർപ്പണവും സാംസ്കാരിക വൈവിധ്യവുമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും അവർ പറഞ്ഞു.
Post Your Comments