തിരുവനന്തപുരം: സ്വര്‍ണാഭരണ വില്പനരംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജി.എസ്.ടി രജിസ്ട്രേഷന് റദ്ദാക്കുന്നതടക്കം നടപടികളെടുക്കണം. നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കും’- മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം വെള്ളിയാഴ്ച്ച
അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടലും സാമ്പത്തിക ബാധ്യതകളും മറികടക്കാന്‍ ബദ്ധപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍തന്നെ സ്വര്‍ണക്കടകളുടെ മുന്നില്‍തന്നെയാണ്. സ്വര്ണക്കടകള്ക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും പൊലീസ് രാജിനുള്ള നീക്കമാണെന്നും അസോസിയേഷന് ആരോപിച്ചു. ജി.എസ്.ടി നിലവില്‍ വന്നശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയില്‍ നിന്ന് നികുതി പിരിവ് വാറ്റ് കാലത്തെക്കാള്‍ വളരെക്കൂടുതലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
Post Your Comments