
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെതിരെ സൈബർ ആക്രമണം. വധഭീഷണിയും, അസഭ്യവര്‍ഷവും കാരണം ജീവിതം വഴിമുട്ടിയെന്ന് മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ. അറിയാതെ സംഭവിച്ച കാര്യമാണെന്നും ഫോട്ടോഷൂട്ടിനായി കയറിയപ്പോൾ സമീപത്തുണ്ടായിരുന്ന ആരും എതിർത്തില്ലെന്നും നടി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
പള്ളിയോടത്തില്‍ അതിക്രമിച്ചു കയറിയതല്ലെന്നും ഫോട്ടോഷൂട്ടിനായാണ് എത്തിയതെന്നും നടി പറയുന്നു. ക്ഷേത്രപരിസരത്തും ആനയ്ക്കൊപ്പവും ചിത്രങ്ങളെടുത്തു. പാപ്പാന്‍റെ സഹായിയാണ് ഇവിടെയെത്തിച്ചത്. പള്ളിയോടത്തിൽ കയറിയപ്പോൾ ഇയാളോ ക്ഷേത്രീയ പരിസരത്ത് ഉണ്ടായിരുന്നവരോ തടഞ്ഞില്ലെന്നും യുവതി പറയുന്നു.
സംഭവത്തിൽ നടിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാര്‍ നല്‍കിയ പരാതിയിൽ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ് എടുത്തത്. നിമിഷയെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര്‍ സ്വദേശി ഉണ്ണിക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്ന വിശ്വാസത്തെ നിഷേധിച്ച് നിമിഷ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് പരാതിയിൽ പറയുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഡിവൈഎസ്പി അറിയിച്ചു.
Post Your Comments