ഭോപാൽ: വരൾച്ച മാറുന്നതിന് ‘മഴ ദൈവങ്ങളെ’ തൃപ്തിപ്പെടുത്താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നമായി നടത്തി ഭിക്ഷതേടിച്ചതായി പരാതി. ഞായറാഴ്ച, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം. ഈ പെൺകുട്ടികൾ ഗ്രാമത്തിലെ എല്ലാ വീടുകളും സന്ദർശിക്കുകയും മാവും പയറും മറ്റു പ്രധാന ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ശേഖരിച്ച സാധനങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ‘ഭന്ധാരയ്ക്ക്’ സംഭാവന ചെയ്യും.
Also Read: മാധ്യമപ്രവർത്തകയോട് അശ്ലീലച്ചുവയോടെ ചാറ്റ് ചെയ്തു: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്
എല്ലാ ഗ്രാമവാസികളും നിർബന്ധമായും ഇതിൽ പങ്കെടുക്കണം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. പുറത്തുവന്ന വിഡിയോയിൽ, ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള ആറു പെൺകുട്ടികൾ നഗ്നമായി നടക്കുന്നതാണ് ഉള്ളത്. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും ഇവരുടെ കൈവശമുണ്ട്. ഒരു കൂട്ടം സ്ത്രീകൾ ഭക്തിഗാനങ്ങൾ ആലപിച്ച് ഘോഷയാത്രയെ പിന്തുടരുന്നതും കാണാം. മഴ ലഭിക്കുന്നതിനാണ് ഈ ആചാരമെന്ന് ദൃശ്യങ്ങൾ പകർത്തുന്ന ആളിനോട് സ്ത്രീകൾ പറയുന്നതു വിഡിയോയിൽ കേൾക്കാം.
അതികഠിനമായ വരൾച്ച നേരിടുന്ന ദാമോ ജില്ലയിലെ ബുന്ദേൽഖണ്ഡ് പ്രദേശത്താണ് ഗ്രാമം. പ്രാദേശിക ഭരണകൂടം ബാലാവകാശ കമ്മിഷന് റിപ്പോർട്ടു സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ്.കൃഷ്ണ ചൈതന്യ പറഞ്ഞു. സംഭവത്തിൽ ഗ്രാമവാസികൾ ആരും പരാതി നൽകിയിട്ടില്ല. കുടുംബത്തിന്റെ അനുമതിയോടെയാണ് ആചാരമെന്നതിനാൽ അവരെ ബോധവൽക്കരിക്കുകയാണ് ഏകമാർഗമെന്നും കലക്ടർ വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പെൺകുട്ടികളെ നഗ്നമായി നടക്കാൻ നിർബന്ധിച്ചെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments