കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമ പ്രവർത്തക പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്.
പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌കേസെടുത്തിരിക്കുന്നത്.
മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എൻ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ആദ്യ മറുപടി.
Also Read: ആശ്വാസം: സംസ്ഥാനത്ത് 8 പേർക്ക് നിപ നെഗറ്റീവ്, കുട്ടിയുടെ മാതാപിതാക്കൾക്കും നെഗറ്റീവ്
എന്താണു പ്രതികരണം എന്നറിയാന്‍ മാത്രമാണ് എന്നറിയിച്ചപ്പോള്‍ നടിയുടെ അശ്ലീലമുഖമുള്ള സ്റ്റിക്കറായിരുന്നു രണ്ടാമത്തെ മറുപടി. എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ പിന്നീടും മറുപടിയായെത്തി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ഒരു ടെക്സ്റ്റ് മെസേജിലൂടെ പ്രശാന്ത് മറുപടി നല്‍കാന്‍ തയാറായത്.
ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്.
‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ ചില മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസേജ് കൂടി. അതേസമയം പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ, മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോൾ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തിൽ നൽകിയ വാർത്തയിൽ ലേഖിക പറയുന്നു.
Post Your Comments