തിരുവനന്തപുരം: വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ബഹളം ഉണ്ടാക്കുന്നുവെന്നാരോപിച്ച് യുവതിയെ സമീപവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരത്താണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൂന്തുറ സ്വദേശിയായ ആമിനക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ സുധീര്‍, നൗഷാദ് എന്നിവരാണ് മര്‍ദിച്ചത്. യുവതിയെ മതിലിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയല്‍വാസികളും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചിത്. ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത്. വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവര്‍ ആമിനയെ മര്‍ദ്ദിച്ചു. നിലത്തിട്ട് ചവിട്ടുകയും മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തില്‍ പൂന്തുറ പൊലീസ് കേസ് എടുത്തു.
Post Your Comments