ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് ഹോണുകള്‍. തന്റെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരു അടയാളം മാത്രമായി ഹോണിനെ ഉപയോഗപ്പെടുത്താതെ ഇന്ന് അതിനെ അഹങ്കാരമായി ഉപയോഗിക്കുന്നവരും കുറവല്ല. കാതടപ്പിക്കുന്ന ശബ്ദവുമായി നിരത്തുകളില്‍ ചീറിപായുന്ന എത്രയോ പേരെ ദിവസവും നാം കാണുന്നു. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരും വണ്ടികള്‍ കണ്ടാല്‍ പോലും കണ്ട ഭാവം നടിക്കാതെ ഞാനൊരു സംഭവമാണെന്ന മട്ടില്‍ മൊബൈലുമായി നടുറോഡില്‍ മേയുന്ന ഇരുകാലികള്‍ ഉള്ള നിലയ്ക്കും വാഹനങ്ങളില്‍ ഹോണുകള്‍ അത്യാവശ്യ ഘടകം തന്നെയാണ്. പക്ഷെ ഇന്ന് നാം കേള്‍ക്കുന്ന ഹോണുകള്‍ പലതും നമ്മെ അലോസരപ്പെടുത്തുകയാണ്. എന്നാല്‍ കാതിന് ഇമ്പമായ ശബ്ദമാണെങ്കിലോ ആ ഹോണുകളിലുള്ളത്. വാഹനങ്ങളുടെ ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിച്ചാലോ. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലല്ലേ.
ശബ്ദമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ഹോണുകള്‍ക്ക് പകരം ഇന്ത്യന്‍ സംഗീതോപകരങ്ങളുടെ ശബ്ദത്തില്‍ ഹോണുകള്‍ നിര്‍മ്മിക്കാനായി നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളില്‍ നിന്നും തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദം കേള്‍ക്കാം.
‘ഞാന്‍ നാഗ്പൂരിലെ ഫ്ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യാറുണ്ട്. പക്ഷേ വാഹനങ്ങളുടെ നിരന്തരമായ ഹോണടി ശബ്ദം എന്റെ പ്രഭാതത്തിലെ നിശബ്ദതയെ ശല്യപ്പെടുത്തുന്നുണ്ട്. ഇതോടെ, വാഹനങ്ങളുടെ ഹോണുകളില്‍ എങ്ങനെ ശരിയായ രീതിയില്‍ പരിഷ്‌കരിക്കാമെന്ന ചിന്ത മനസില്‍ വന്നു. കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത തുടങ്ങിയത് അങ്ങനെയാണ്,’ ഗഡ്കരി പറയഞ്ഞു. തബല, വയലിന്‍, ഓടക്കുഴല്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍ നിന്ന് കേള്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.
നിയമപ്രകാരം വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഹോണിന്റെ ശബ്ദതീവ്രത പരമാവധി 112 ഡെസിബെല്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മനുഷ്യന് താങ്ങാവുന്ന പരമാവധി ശബ്ദ തീവ്രത 140 ഡെസിബെല്ലും കുട്ടികള്‍ക്ക് ഇത് 120 ഡെസിബെല്ലുമാണ്. 8 മണിക്കൂര്‍ തുടര്‍ച്ചയായി 85 ഡെസിബെല്ലിന് മുകളില്‍ ശബ്ദം ശ്രവിക്കുന്നത് ഹാനികരമാണ്.
Post Your Comments