കോഴിക്കോട്: മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് നിപ. മലേഷ്യയിലെ സുങകായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യം കണ്ടത്. പഴംതീനി വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. കേരളത്തില്‍ ആദ്യം നിപ ഭീഷണി സൃഷ്ടിച്ചത് 2018 ലാണ്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചു. കടുത്ത ജാഗ്രത തുടര്‍ന്നതോടെ നിപ പിന്‍മാറി. ഒന്നര മാസത്തോളമാണ് അന്ന് കേരളം മുള്‍മുനയില്‍ നിന്നത്. നഴ്സ് ലിനി ഉള്‍പ്പെടെയുള്ളവരാണ് 2018ല്‍ മരിച്ചത്. 2019ല്‍ നിപ വീണ്ടും കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചിയില്‍ യുവാവിനാണ് ബാധിച്ചത്. എന്നാല്‍ അസുഖം ഭേദമായി. എന്നാല്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ വീണ്ടും നിപ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് ബാധയുണ്ടെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കുട്ടിയുടെ വീട് ഉള്‍പ്പെടെയുള്ള പ്രദേശത്തേക്ക് ആരെയും കടത്തിവിടുന്നില്ല. കനത്ത ജാഗ്രതയിലാണ് പ്രദേശം. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ള വൈറസാണ് നിപ. കനത്ത ജാഗ്രതയാണ് ആദ്യം വേണ്ടത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയാണ്.
കോഴിക്കോട് ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലാണ് 12കാരന്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളജിലും ചികില്‍സിച്ചിരുന്നു. ശേഷമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പനി വിട്ടുപോകാത്തതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ കുട്ടിക്ക് ചര്‍ദ്ദിയും അപസ്മാരവുമുണ്ടായിരുന്നു.
Post Your Comments