കണ്ണൂര്‍: അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ കെ ജി മാരാരുടെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകള്‍ സ്മാരകത്തിന് മുന്‍പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ബിജെപി പൊലീസില്‍ പരാതി നല്‍കി. സ്മാരകത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്പലത്ത് എത്തി.
സ്മൃതി കുടീരത്തോട് കോര്‍പ്പറേഷന് അനാദരവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ആരോപിച്ചു. മാരാര്‍ജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികള്‍ സ്‌നേഹിക്കുന്ന കെ.ജി മാരാറിന്റെ സ്മൃതി കുടീരം നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ നാടിന്റെ ശത്രുക്കളാണ്.
സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നല്‍കാത്ത കണ്ണൂര്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവന്‍ ആദരിക്കുന്ന ജനനായകന്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകള്‍ കൂട്ടിയിട്ടത് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുടേയും വികാരത്തെ മുറിവേല്‍പ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments