കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാനികൾക്കിടയിൽ ആഭ്യന്തര പ്രശ്‌നം. കാബൂൾ കീഴടക്കി അഫ്‌ഗാനിൽ അധികാരം പിടിച്ചടക്കിയത് മുതൽ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെ, അധികാരത്തിനുവേണ്ടിയുള്ള വടംവലിക്കിടയിൽ താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായി സൂചന.
പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റുവെന്നും നിലവിൽ മുല്ല പാകിസ്ഥാനിൽ ചികിത്സയിലാണെന്നുമാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്‌വർക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീൽ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്. അധികാരവടംവലി തന്നെയായിരുന്നു വെടിവെപ്പിന് കാരണമായത്.
രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്‌വർക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹഖാനി നെറ്റ്‌വർക്ക് ആവശ്യപ്പെട്ടത് അംഗീകരിക്കാൻ ബരാദർ തയ്യാറായില്ല. ഇതിൽ പ്രകോപിതരായ ഹഖാനി നെറ്റ്‌വർക്ക് ആക്രമണത്തിന്റെ മുഖം സ്വീകരിക്കുകയായിരുന്നു. അധികാര തർക്കവും ഏറ്റുമുട്ടലും മൂലമാണ് സർക്കാർ രൂപീകരണം അനിശ്ചിതമായി നീണ്ടുപോകുന്നത്.
ഹഖാനി വിഭാഗവുമായി പാകിസ്ഥാന് നല്ല ബന്ധമാണുള്ളത്. അതിനാൽ അഫ്‌ഗാനിൽ ഹഖാനി വിഭാഗത്തിന് സുപ്രധാന വകുപ്പ് വേണമെന്നും ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് പാകിസ്ഥാൻ കരുതുന്നത്. അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാൻ താലിബാനെ വളരെയധികം സഹായിച്ചവരാണ് ഹഖാനി നെറ്റ്‌വർക്ക്. അഫ്‌ഗാനിലെ ആഭ്യന്തര പ്രശ്ങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കൾ കരുതുന്നത്.
Post Your Comments