കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ ബാധിച്ച മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത കൂടുതലായതിനാല്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കം പുലര്‍ത്തിയവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി സഞ്ചരിച്ച സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് സ്വദേശിയായ 12 വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചെങ്കിലും രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.
പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം പൊലീസെത്തി അടച്ചു. വീട് സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്‍, മുന്നൂര്, ചിറ്റാരിപ്പിലാക്കില്‍ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പഞ്ചായത്ത് മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12വയസുകാരന്‍.
Post Your Comments