കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണം. കോഴിക്കോട് മെഡിക്കല്‍ കോളജിലേയും സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യപ്രവര്‍ത്തകരാണ് ഇവരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടി പനി ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ രണ്ട് ആശുപത്രികളിലാണ് ആദ്യം കാണിച്ചത്. രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 158 പേരില്‍ 20 പേരെ ഹൈറിസ്‌ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹൈറിസ്‌ക്ക് ആയിട്ടുള്ള 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, നിപ വാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാളെ വൈകുന്നേരത്തിനുള്ളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കും. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments