കൊച്ചി: സംസ്ഥാനത്ത് കോവിഡ് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കോവിഡ് പോലെ പെട്ടെന്ന് പടര്‍ന്നുപിടിയ്ക്കുന്ന അസുഖമല്ല നിപ എന്ന് ഇന്‍ഫോ ക്ലിനിക്ക് വ്യക്തമാക്കുന്നു. കോവിഡ് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നു പോലും പകരുന്ന അസുഖം ആണെങ്കില്‍, രോഗതീവ്രത കൂടിയ സമയങ്ങളില്‍ പകരുന്ന അസുഖമാണ് നിപ. എന്നാല്‍ കോവിഡിനെ അപേക്ഷിച്ചു നിപ ബാധിച്ചാല്‍ അപകട സാധ്യത കൂടുതലായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വ്യക്തമാക്കുന്നു.
Read Also :നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം, അതീവ ജാഗ്രത
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
കോവിഡ് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ നിപയുടെ വാര്‍ത്ത കൂടി വരുന്നത് പലരിലും ആശങ്ക ജനിപ്പിക്കും. ആശങ്കകള്‍ സ്വാഭാവികം തന്നെ. പക്ഷേ, കോവിഡ് പോലെ പകര്‍ച്ചാ നിരക്കുള്ള ഒരു അസുഖമല്ല നിപ. പകര്‍ച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നു പോലും പകരുന്ന അസുഖം ആണെങ്കില്‍, രോഗതീവ്രത കൂടിയ സമയങ്ങളില്‍, അതായത് ശക്തിയായ രോഗലക്ഷണങ്ങള്‍ ഉള്ള അവസരങ്ങളില്‍ പകരുന്ന അസുഖമാണ് നിപ. എന്നാല്‍ കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍ ആണെന്നതാണ് നിപയെ കൂടുതല്‍ ഭയത്തോടെ കാണാന്‍ കാരണം.
കോവിഡുമായി താരതമ്യം ചെയ്താല്‍ നിപയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. 50 ശതമാനത്തിനു മുകളില്‍ മരണനിരക്ക് ഉള്ള അസുഖമാണിത്. ബംഗ്ലാദേശ് സ്ട്രെയിനിന് 75 ശതമാനത്തിനു മുകളില്‍ മരണനിരക്കും മലേഷ്യന്‍ സ്ട്രെയ്നില്‍ ഏതാണ്ട് 50 ശതമാനം മരണനിരക്കും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2018-ല്‍ കോഴിക്കോട് ഉണ്ടായിരുന്ന അണുബാധയിലും കുറച്ചു ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എറണാകുളത്തു രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരു മരണം പോലും സംഭവിച്ചിരുന്നില്ല.
നിപ വൈറസിന്റെ സാന്നിധ്യം കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ കണ്ടെത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നിപ അണുബാധ ഉണ്ടാകുന്നത്. പിന്നീട് വൈറസിന് ഒരു മനുഷ്യശരീരത്തില്‍ നിന്നും മറ്റൊരു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അങ്ങനെ ആണ് കൂടുതല്‍ രോഗികള്‍ ഒരു പ്രദേശത്ത് ഉണ്ടാകുന്നത്. വവ്വാലില്‍ നിന്നും മനുഷ്യനില്‍ എത്തുന്നത് ഒരു യാദൃശ്ചിക സംഭവം മാത്രം ആവാം. വവ്വാലിന്റെ സ്രവം അടങ്ങിയ പഴം ഭക്ഷിക്കുക, വവ്വാല്‍ സമ്പര്‍ക്കം ഏറ്റ മറ്റു മൃഗങ്ങളെ പരിപാലിക്കുക, വവ്വാലിന്റെ ശരീരം കൈ കൊണ്ടു സ്പര്‍ശിക്കുക തുടങ്ങിയ എന്തും ആവാം. പലപ്പോഴും ഇത് കൃത്യമായി കണ്ടെത്താന്‍ പറ്റാറുമില്ല.
പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസമുട്ട് തുടങ്ങിയവയാണ് നിപ്പയുടെ ലക്ഷണങ്ങള്‍. വയറിളക്കം, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ കാണാറുണ്ട്. സാധാരണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് ലക്ഷണങ്ങള്‍ ഉണ്ടാവുക
ഇതുവരെ കൃത്യമായി മരുന്നോ വാക്‌സിനോ വികസിപ്പിച്ചിട്ടില്ലെങ്കിലും കോവിഡിന് വേണ്ടി നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എല്ലാം നിപയേയും പ്രതിരോധിക്കാന്‍ സഹായിക്കും എന്നതാണ് ഏറ്റവും നല്ല വശം. രോഗിയുടെ സ്രവങ്ങളിലൂടെ ആണ് കോവിഡും നിപയും പകരുന്നത്. അതിനാല്‍ രോഗം വന്ന ആളില്‍ നിന്നുമുള്ള സ്രവങ്ങള്‍ മറ്റൊരു ശരീരത്തില്‍ എത്താതിരുന്നാല്‍ രോഗം പകരുന്നത് തടയാന്‍ സാധിക്കും. മാസ്‌കിന്റെ ഉപയോഗം, കൈ വൃത്തിയാക്കല്‍ എന്നിവയാണ് ഏറ്റവും പ്രധാനം.
ഏറ്റവും ശ്രദ്ധിക്കേണ്ടത് രോഗിയെ ശുശ്രൂഷിക്കുമ്പോഴാണ്. പനി ലക്ഷണം കണ്ടാല്‍ ഐസൊലേറ്റ് ചെയ്യണം. ഗുരുതരമായ പ്രശ്നം ഇല്ലാത്ത രോഗികള്‍ ആണെങ്കില്‍ നിശ്ചിത അകലം പാലിക്കണം. ഗുരുതരമായ രോഗികള്‍ ആണെങ്കില്‍ അവരെ പരിചരിക്കുമ്പോള്‍ 95 മാസ്‌ക്, തുടങ്ങിയവ ഉപയോഗിക്കണം. കൈ സോപ്പിട്ടു കഴുകുന്നു എന്നു ഉറപ്പു വരുത്തണം. രോഗിയുടെ സ്രവങ്ങള്‍ വൃത്തിയാക്കുമ്പോഴും നല്ല ശ്രദ്ധ വേണം.
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ പ്രദേശത്തും ആശുപത്രിയിലും കോണ്‍ടാക്ട് ട്രെയ്സിങ് വളരെ പ്രധാനം ആണ്. രോഗിയുമായി സമ്പര്‍ക്കം വന്നവരെ കൃത്യമായി ഐഡന്റിഫൈ ചെയ്ത്, നിരീക്ഷണത്തിനുള്ള സൗകര്യങ്ങള്‍ സ്വീകരിച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയും.
ലോകത്ത് ഇതുവരെ ആകെ ആയിരത്തോളം പേരെ മാത്രമേ ഈ രോഗം ബാധിച്ചിട്ടുള്ളൂ. പകര്‍ച്ചാ നിരക്ക് അത്രയധികം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഭയം വേണ്ട, ജാഗ്രത ആണ് ആവശ്യം.
Post Your Comments