
പൊന്നാനി: കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച നൽകി പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി പിടിയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി മാളിയേക്കൽ ഹാരിസ് (24)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2020 മെയ് 9 നാണ് ഹാരിസും സംഘവും ചേർന്ന് പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടികൊണ്ട് പോയി നാല് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. നേരത്തെ ഹാരിസ് ഉൾപ്പെടെയുള്ള സംഘം കഞ്ചാവ് വാങ്ങാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ ഇയാൾ കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച നൽകുകയായിരുന്നു.
ഇതിന് പ്രതികാരമായിട്ടാണ് അമൽ ബഷീറിനെ തട്ടിക്കൊണ്ടു പോയത്. സുഹൃത്തായ സൈനുദ്ദീൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും വിളിച്ചിറക്കി അയിലക്കാട് ചിറക്കലിൽ വെച്ച് കാറിലെത്തിയ സംഘം അമൽ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments