തിരുവനന്തപുരം : കേരളത്തിൽ വീണ്ടും നിപ്പ രോഗബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത. കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി കേരളത്തിന് നാലിന നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണം, 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കണം, ക്വാറന്‍റീനും ഐസോലേഷനും ഒരുക്കണം, സ്രവ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം എന്നിവയാണ് കേന്ദ്രസംഘത്തിന്‍റെ നിര്‍ദേശങ്ങള്‍.
സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം 17 പേര്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
Post Your Comments