തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ചീഫ് സെക്രട്ടറി. എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ നയമെന്നും അത് സെക്രട്ടേറിയറ്റിലും നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
മാറുന്ന സാഹചര്യം അനുസരിച്ച് ജീവനക്കാരുടെ കഴിവും അർപ്പണബോധവും പരിശോധിച്ചുള്ള പെർഫോമൻസ് റിപ്പോർട്ട് തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് പകരം ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തിയുള്ള റിപ്പോർട്ടാണ് സ്ഥാനക്കയറ്റത്തിന് ആധാരമാക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം എന്നത് പൊതുവിൽ എല്ലാ സംഘടനകളും അംഗീകരിച്ചു. ജീവനക്കാരുടെ പ്രൊമോഷൻ നഷ്ടപ്പെടാതെയും ജീവനക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാക്കാതെയും നടപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഉയർന്ന ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും അതേസമയം പൊതുതാത്പര്യവും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുക എന്ന സിവിൽ സർവീസിന്റെ പരമമായ ലക്ഷ്യം മുൻനിർത്തിയുമായിരിക്കും ഇതെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
Read Also: ചേച്ചിയുടെ വിവാഹത്തിനെത്തിയ കുടുംബ സുഹൃത്തിനൊപ്പം അനിയത്തി ഒളിച്ചോടി: പരാതിയുമായി മാതാപിതാക്കൾ
Post Your Comments