ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി-വോട്ടര്‍ സര്‍വേ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സീറ്റുകളിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരികയും ചെയ്തു.2022ല്‍ ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് ആവുന്ന തരത്തിൽ അധികാരം പിടിക്കാനായി ശ്രമിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ മനസ്സറിയാന്‍ എബിപി ന്യൂസും സി-വോട്ടറും വോട്ടര്‍മാര്‍ക്കിടയില്‍ സര്‍വേ നടത്തുന്നത്. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് 44-48 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേയുടെ പ്രവചനം. അതേ സമയം കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് നില മെച്ചപ്പെടുത്തി 19 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ 43.1% വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.
ഇത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വോട്ടുകളേക്കാള്‍ 3.4% കുറവാണ്. കഴിഞ്ഞ തവണ ബിജെപി 46.5% വോട്ടുകളാണ് നേടിയത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 32.6% വോട്ടുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ സഖ്യത്തിന് 33.5% വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തില്‍ 0.9% കുറവുണ്ടാകുമെന്നാണ് പ്രവചനം.
അതേസമയം ഉത്തരാഖണ്ഡിൽ കന്നി അങ്കത്തിനിറങ്ങുന്ന ആം ആദ്മി പാർട്ടി 0-4 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 0-2 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നുണ്ട്.ആം ആദ്മി 14.6% വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20% വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഇത്തവണ അവരുടെ വോട്ട് വിഹിതം 9.7% ആയി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.3% കുറവാണ്.
Post Your Comments